തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കൊടി സുനിയെ മലപ്പുറം തവനൂർ സെൻട്രൽ ജയിലിൽനിന്ന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാറ്റി. തവനൂർ ജയിലിൽ ജയിൽ ഉദ്യോഗസ്ഥരുമായി ഉണ്ടായ തർക്കങ്ങളും ഏറ്റുമുട്ടലുകളുമാണ് ജയിൽമാറ്റത്തിനു കാരണം.
ജയിൽ ചട്ടങ്ങൾ നിരന്തരം ലംഘിച്ചതും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള അച്ചടക്കവിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നതും മാറ്റത്തിനു കാരണമായിട്ടുണ്ട്. ജയിലിൽ സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ച് അനധികൃതമായി ഫോൺ വിളിച്ച സംഭവം വിവാദമായിരുന്നു. ജയിലിലെ പെരുമാറ്റദൂഷ്യം കാരണം പലതവണ ഇയാളെ വിവിധ ജയിലുകളിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്.
തടവുകാർക്ക് അധികൃതർ അനുവദിക്കുന്ന ഫോൺ കാർഡ് ഉപയോഗിച്ച് പരമാവധി മൂന്ന് നമ്പറുകളിൽ വിളിക്കാനാകും. ജയിൽ അധികൃതരുടെ നിരീക്ഷണത്തിൽ മാത്രമേ ഫോൺ വിളിക്കാനാവുകയുള്ളൂ. ഇതു ലംഘിച്ചാണ് കൊടി സുനിയുടെ ഫോൺ വിളി. ഇതേത്തുടർന്ന് പണിഷ്മെന്റ് സെല്ലിലേക്കു മാറ്റിയിരുന്നു.
തവനൂർ ജയിൽ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കൊടി സുനിക്കെതിരേ നേരത്തേ കുറ്റിപ്പുറം പോലീസ് കേസെടുത്തിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന കൊടി സുനിയെ 2023 നവംബർ ഒൻപതിനാണ് ആദ്യമായി തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയത്. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ സഹതടവുകാരുമായി ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചതായിരുന്നു ജയിൽ മാറ്റത്തിന് കാരണം. ജയിലിൽ മൊബൈൽഫോൺ ഉപയോഗിച്ചതിനും ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചതിനും സുനിക്കെതിരേ കേസുണ്ട്. ജയിൽ ഉദ്യോഗസ്ഥരെ മർദിച്ച കേസിലും പ്രതിയാണ് സുനി.